ലൈംഗികാതിക്രമ കേസിലും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ആഗ്രയിൽ നിന്നാണ് പിടികൂടിയത്. ഡൽഹിയിലെ ശാരദ ആശ്രമത്തിലെ പി.ജി. ഡിപ്ലോമ വിദ്യാർഥിനികളാണ് ചൈതന്യാനന്ദക്കെതിരെ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയത്.
മൊഴിയെടുത്ത 32 വിദ്യാർഥിനികളിൽ 17 പേർ ഇയാൾക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായി സ്പർശിച്ചു, വാട്ട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികളുടെ മൊബൈൽ ഫോണുകളും സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്ത് ചൂഷണം ചെയ്തു തുടങ്ങിയ പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നത്.
മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2009-ലും 2016-ലും ഇയാൾക്കെതിരെ ലൈംഗികാതിക്രമ കേസുകൾ ഉണ്ടായിരുന്നു.