കൊച്ചി: അമ്മയ്ക്ക് ജീവനാശം കൊടുക്കേണ്ടതില്ലെന്ന മകന്റെ ഹർജി തള്ളി ഹൈക്കോടതി. എല്ലാ മാസവും അമ്മയ്ക്ക് 2000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി വിധിക്കെതിരെയാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്. അമ്മയ്ക്ക് വേറെയും മക്കളുണ്ടെന്നും അതിനാൽ ജീവനാശം കൊടുക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മകൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വേറെ മക്കളുണ്ടെന്നത് ജീവനാംശം നൽകാതിരിക്കുന്നതിന് തക്കതായ കാരണമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് മകന്റെ ഹർജി തള്ളിയത്.
സിആർപിസി സെക്ഷൻ 125 പ്രകാരം സ്വന്തം അമ്മയുടെ കാര്യങ്ങൾ നോക്കേണ്ടത് മകന്റെ കടമയാണെന്നും അല്ലെങ്കിൽ അയാൾ ഒരു മനുഷ്യനല്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ‘‘ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന സമയത്ത് അമ്മയ്ക്ക് 92 വയസ്സായിരുന്നു പ്രായം. ഇപ്പോൾ ആ അമ്മയക്ക് 100 വയസായി. ഇപ്പോഴും മകനിൽനിന്ന് ജീവനാംശത്തിനായി അമ്മയ്ക്ക് കാത്തിരിക്കേണ്ടി വരുന്നു. സ്വന്തം അമ്മയ്ക്ക് 2000 രൂപ നൽകാതിരിക്കാതിരിക്കാൻ കോടതിയിൽ മകൻ നിയമയുദ്ധം നടത്തുന്നു. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വന്നതിൽ എനിക്ക് നാണക്കേട് തോന്നുകയാണ്.’’ – കോടതി പറഞ്ഞു.