Share this Article
News Malayalam 24x7
'ദൈവങ്ങളുടെ പേരാണോ നായയ്ക്കും പൂച്ചയ്ക്കും നല്‍കുക? സീത, അക്ബര്‍ എന്നീ സിംഹപ്പേരുകളിൽ വിമർശിച്ചും വിയോജിച്ചും കല്‍ക്കട്ട ഹൈക്കോടതി
വെബ് ടീം
posted on 22-02-2024
1 min read
Calcutta High Court on Lion name controversy update

സിലിഗുഡി: സര്‍ക്കാര്‍ മൃശാശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരുകള്‍ ഇട്ടതില്‍ വിമർശിച്ചും വിയോജിപ്പ് അറിയിച്ചും കല്‍ക്കട്ട ഹൈക്കോടതി. മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ദേശീയ നായകന്‍മാരുടെയും പേരാണോ ഇടുകയെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. സിംഹത്തിന് സീത എന്നു പേരിട്ടതിനെതിരെ വിഎച്ച്പി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിംഹങ്ങള്‍ക്കു പേരിട്ടത് ത്രിപുരയിലെ മൃഗശാലാ അധികൃതര്‍ ആണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. അവിടെനിന്ന് കൈമാറിക്കിട്ടിയതാണ് സിംഹങ്ങളെ. ആ പേരു തന്നെ തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നു. ത്രിപുര മൃഗശാലയില്‍നിന്നുള്ള രേഖകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

സംസ്ഥാനത്ത് അല്ലാതെ തന്നെ ഒട്ടേറെ വിവാദങ്ങളുണ്ട്. മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കി വിവാദമുണ്ടാക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. ത്രിപുരയാണ് പേരു നല്‍കിയതെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അതു മാറ്റാവുന്നതേയുള്ളൂ- കോടതി പറഞ്ഞു.

മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയോ പുരാണ കഥാപാത്രങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നൊബേല്‍ ജേതാക്കളുടെയോ പേരിടുമോ? ഒരു സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നു പേരിനാനാവുമോയെന്ന് കോടതി ചോദിച്ചു.പേരുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതൊരു റിട്ട് ഹര്‍ജിയായി കണക്കാക്കാനാവില്ലെന്ന് കോടതി അറിയിച്ചു. പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാവുന്നതാണ്. ഹര്‍ജിയുമായി മുന്നോട്ടുപോവുന്നുണ്ടെങ്കില്‍ പേരു മാറ്റം ഇല്ലെന്നും ഹര്‍ജി തള്ളുന്ന പക്ഷം പേരു മാറ്റം പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആളുകള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരുകളിടും. അതല്ല ഇവിടത്തെ വിഷയം. സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളുടെ പേരാണ്. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന്‍ അവകാശമുള്ള രാജ്യമാണിത്. മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. സീത എന്ന പേരിനോടു മാത്രമല്ല, അകബര്‍ എന്നു പേരിട്ടതിനോടും വിയോജിപ്പാണെന്ന് കോടതി വ്യക്തമാക്കി. അക്ബര്‍ മികച്ച ഒരു മുഗള്‍ ഭരണാധികാരിയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories