Share this Article
image
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കപിൽ ദേവും സുനിൽ ഗവാസ്കറും
വെബ് ടീം
posted on 02-06-2023
3 min read
Wrestlers protest

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കപിൽ ദേവും സുനിൽ ഗവാസ്‌കറും അടക്കമുള്ള 1983-ലെ ഐസിസി ലോകകപ്പ് നേടിയ ഇന്ത്യൻ ടീം. ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജിഭൂഷൺ സിംഗ് ചരണിനെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് ഒരു മാസത്തിലേറെയായി വനിതാ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് ജൂൺ 2ന് പ്രസ്താവനയിലൂടെ 1983ൽ ലോകകപ്പ് നേടിയ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

"നമ്മുടെ നാടിന്‍റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരായ കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും പ്രതിഷേധത്തിന്‍റെ ഭാഗമായി അവര്‍ നദിയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങൾക്ക് വിഷമവും അസ്വസ്ഥതയും തോന്നി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്റെയുമെല്ലാം ഫലമാണ് അവര്‍ നേടിയ മെഡലുകള്‍. താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. കടുത്ത തീരുമാനമെടുക്കരുതെന്ന് ഞങ്ങള്‍ ഗുസ്തി താരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ പരാതികൾ കേൾക്കുകയും നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നിയമം വിജയിക്കട്ടെ"- എന്നാണ് താരങ്ങളുടെ പ്രസ്താവന.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കർഷകർ ജന്ദർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് മെയ് 30 ന് , തങ്ങൾ നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

മെയ് 28 ന് അനുമതിയില്ലാതെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയതിന് ക്രമസമാധാന ലംഘനത്തിന് ഗുസ്തി താരങ്ങൾക്ക് എതിരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടർന്ന് പ്രതിഷേധക്കാരെ പോലീസ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവ വികാസങ്ങളെത്തുടർന്നാണ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ഐസിസി ലോകകപ്പ് നേടിയത്. ലണ്ടനിലെ ലോർഡ്‌സിൽ ശക്തരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യത്തിന് തുടക്കം കുറിച്ചത് 1983 ജൂൺ 25ന് ആയിരുന്നു.


ALSO WATCH

ഗുസ്തി താരങ്ങൾ എന്തിന് സമരം ചെയ്യുന്നു

കഴിഞ്ഞ ജനുവരിയിലായിരുന്നു ഡൽഹിയിൽ വനിതാ  ഗുസ്തിക്കാർ താരങ്ങൾ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. ഇതേത്തുടർന്ന് ബോക്‌സർ മേരി കോമിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തിയിരുന്നു. തുടർന്ന്  ഏപ്രിൽ ആദ്യം അവർ റിപ്പോർട്ട് സമർപ്പിച്ചു. 

എന്നാൽ, റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഏപ്രിൽ 23ന് ഡൽഹി ജന്ദർ മന്ദറിൽ വീണ്ടും പ്രതിഷേധം നടത്തി. ആ പ്രതിഷേധത്തിനിടെ, ബ്രിജ് ഭൂഷൺ സിംഗിനെതിരെ അവർ ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പുതിയ പരാതി നൽകി. ഒരു പെൺകുട്ടിയുൾപ്പെടെ മൂന്ന് താരങ്ങളാണ് ലൈംഗികാരോപണം ഉന്നയിച്ചത്.

നടപടിയുണ്ടാകാത്തതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം പോക്‌സോ ഉൾപ്പെടെയുള്ള രണ്ട് വകുപ്പുകൾ പ്രകാരമാണ് ബ്രിജ് ഭൂഷണിനെതിരെ കേസെടുത്തിരിക്കുന്നത്. 

ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ആം വകുപ്പിലെ വിവിധ ഉപ വകുപ്പുകൾ ആണ് ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബ്രിജ്ഭൂഷണ് എതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ മുതൽ പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പരിശീലനത്തിനിടെ പറ്റിയ പരിക്ക് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി താരങ്ങൾ പൊലീസിൽ നൽകിയ പരാതിയിൽ ആരോപണം ഉണ്ട്. എന്നാൽ അറസ്റ്റ് ഉണ്ടായില്ല. തുടർന്നാണ് വനിതാ താരങ്ങൾ പ്രതിഷേധം തുടരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories