 
                                 
                        ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തി. നവംബർ 1 മുതൽ ഈ അധിക തീരുവ നിലവിൽ വരുമെന്ന് ട്രംപ് അറിയിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് സൂചന.
ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിലവിൽ 30 ശതമാനം അധിക തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇത് 130 ശതമാനമായി ഉയരും. കൂടാതെ, സോഫ്റ്റ്‌വെയർ കയറ്റുമതിയിലും ചൈനയ്ക്ക് മേൽ അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട വ്യാപാര യുദ്ധം നടന്നിരുന്നു. അതിന് ശേഷം സമാധാനപരമായ അന്തരീക്ഷം നിലനിന്നെങ്കിലും, പുതിയ പ്രഖ്യാപനത്തോടെ വീണ്ടും ഒരു തീരുവ യുദ്ധത്തിലേക്ക് കടക്കുന്നുവെന്നാണ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഈ മാസം 31-ന് നടത്താനിരുന്ന ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    