എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അവിശ്വസനീയമായ ഒരുപാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. കർണ്ണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് . അതിനകത്ത് രാഷ്ട്രീയമുണ്ടോ, വർഗീയതയാണോ, തീവ്രവാദമാണോ എന്നത് ഗൗരവകരമായി അന്വേഷിക്കണം. കേസ് അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. പരിക്കുപറ്റിയ ശേഷവും പ്രതി യാത്ര ചെയ്തത് അതേ ട്രെയിനിലാണ്. എന്നിട്ടും ആരെങ്കിലും ആ ട്രെയിൻ പരിശോധിച്ചോ. പ്രതി കണ്ണൂരിൽ ഇറങ്ങിയിട്ടും ഒരു പരിശോധനയും നടന്നില്ലെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
എൻ.ഐ.എ അടക്കമുള്ള കേന്ദ്ര ഏജൻസികൾ എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധം സംശയിക്കുമ്പോഴാണ് സംഭവത്തിന്റെ മറ്റൊരു വശത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴി തുറക്കും.