ടെൽ അവീവ്: വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ ഗാസയ്ക്ക് മേൽ. ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കാൻ ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്. ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ‘വ്യക്തമായ ലംഘനം’ എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രയേല്‍ നൽകുന്ന തിരിച്ചടിക്ക് എങ്ങനെയെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിർത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സ സമാധാന കരാർ നിലവിൽ വന്നത്. ഇതിനിടെ ഇസ്രായേൽ 125 തവണ കരാർ ലംഘിച്ചെന്ന് ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫിസ് കുറ്റപ്പെടുത്തിയിരുന്നു.