 
                                 
                        അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉൾക്കാട്ടിൽ വിടണമെന്ന് ഹൈക്കോടതി. ആനയെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷമായിരിക്കും പിടികൂടി ആനയെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം തീരുമാനിക്കുക. വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യവനപാലകന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,രണ്ട് വിദഗ്ധര്‍,അമിക്കസ് ക്യൂറി എന്നിവർ അടങ്ങുന്നതാണ് വിദഗ്ധ സമിതി. കമ്മിറ്റി ദീര്‍ഘകാലത്തേക്ക് തുടരും.
ഈ കമ്മിറ്റി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അതേ സമയം, ദൗത്യസംഘം നാല് ദിവസം കൂടി മേഖലയില്‍ തുടരാനും നിര്‍ദേശമുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി ഇന്ന് അഭിപ്രായപ്പെട്ടു. അരിക്കൊമ്പന്‍ പോയാല്‍ മറ്റൊരു ആന വരുമെന്നും കോടതി പറഞ്ഞു.
പിടികൂടിയ ശേഷം ആനയെ എന്ത് ചെയ്യുമെന്ന് ചോദിച്ച കോടതി ആനയെ പിടിക്കാന്‍ മാര്‍ഗരേഖ വേണമെന്നും പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക. അതേ സമയം, ആനയെ പിടികൂടാതെ മറ്റ് മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അരിക്കൊമ്പൻ ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടി നിരാശജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    