Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച; സന്നിധാനത്ത് SIT പരിശോധന തുടരുന്നു
Sabarimala Gold Theft Case

ശബരിമല സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുന്ന തെളിവ് ശേഖരണവും ശാസ്ത്രീയ പരിശോധനയും ഇന്നും തുടരും. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ലീഗൽ മെട്രോളജി വിഭാഗത്തിലെ സ്വർണ്ണ പരിശോധനാ വിദഗ്ധരും സംഘത്തോടൊപ്പമുണ്ട്.

ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളിലെ സ്വർണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിച്ചിരുന്ന പാളികളും അന്വേഷണ സംഘം ഇളക്കി മാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നിലവിൽ ഈ പാളികൾ കനത്ത സുരക്ഷയോടെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.


നേരത്തെ വി.എസ്.എസ്.സി (VSSC) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും, കാണാതെപോയ സ്വർണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന വീണ്ടും നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് അന്വേഷണ സംഘം സന്നിധാനത്തെത്തിയത്.


സ്വർണ്ണത്തിന്റെ മൂല്യം, തൂക്കം എന്നിവയ്ക്ക് പുറമെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിലാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയി വീണ്ടും സ്വർണ്ണം പൂശിയെന്ന ആരോപണത്തിൽ വ്യക്തത വരുത്താൻ കാലപ്പഴക്കം നിർണ്ണയിക്കുന്നത് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.


അതിനിടെ, കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സന്നിധാനത്തെ പരിശോധന പൂർത്തിയാക്കി, സമഗ്രമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories