ശബരിമല സ്വർണക്കവർച്ചാ കേസിൽ തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ മൊഴി നൽകി. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായി കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അദ്ദേഹം നിഷേധിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനല്ലെന്ന് രാജീവര് വ്യക്തമാക്കി. ഉദ്യോഗസ്ഥർ അറിയിച്ച പ്രകാരം താന്ത്രിക വിധി പ്രകാരമുള്ള അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകുക മാത്രമാണ് ചെയ്തത്. സ്വർണ്ണം ഇളക്കി മാറ്റുന്നതിന് അനുമതി നൽകിയത് ദേവഹിതം നോക്കി മാത്രമാണെന്നും അതിൽ കൂടുതലൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികളിലൊരാളായ പത്മകുമാർ നടത്തിയ 'ദൈവതുല്യർ' എന്ന പരാമർശം ആരെ ഉദ്ദേശിച്ചാണെന്ന് തനിക്കറിയില്ലെന്ന് രാജീവര് കൂട്ടിച്ചേർത്തു. അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളുടെ സൂക്ഷിപ്പ് ചുമതല തനിക്കല്ലെന്നും അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും രാജീവര് മൊഴിയിൽ ആവർത്തിച്ചു.
സ്വർണക്കവർച്ചാ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം തന്ത്രിമാരെ ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.