Share this Article
News Malayalam 24x7
ഡാറ്റ ചോർച്ച വിവാദം; മുഖ്യമന്ത്രിക്ക് ഡാറ്റ എവിടെ നിന്ന് കിട്ടിയെന്ന് കോടതി
Kerala High Court Questions CM’s Office Over SPARK Data Privacy Row

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്നുള്ള വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടുന്നതും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും കോടതി താൽക്കാലികമായി വിലക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജീവനക്കാരുടെ വാട്സാപ്പിലേക്ക് വ്യക്തിഗത സന്ദേശങ്ങൾ എത്തിയതിനെതിരെ രണ്ട് സർക്കാർ ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്.

ശമ്പള പരിഷ്കരണവും ക്ഷാമബത്തയും (DA) അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചതാണ് വിവാദത്തിന് ആധാരമായത്. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ശമ്പള ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളും മറ്റ് സ്വകാര്യ വിവരങ്ങളും ഇതിനായി ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിക്കാരുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.


ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും സഹിതം സന്ദേശം അയച്ചത് സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. സ്പാർക്കിലെ വിവരങ്ങൾ സുരക്ഷിതമായിരിക്കണം. ഈ വിവരങ്ങൾ ചോരുന്നത് ഗൗരവകരമായ കാര്യമാണ്. ഡാറ്റ ചോർച്ചയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നതായി കോടതി വിലയിരുത്തി.


സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ ജീവനക്കാർക്കും ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശങ്ങൾ എത്തുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവരശേഖരണം നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പാർക്ക് വിവാദത്തിലും സർക്കാരിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories