 
                                 
                        ന്യൂഡല്‍ഹി: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അതിന്റെ പൂര്‍ണ ബാധ്യയതും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇതിന്റെ എല്ലാ ഇടപെടുന്നത് സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമായ വിഷയം എന്താണ് എന്നത് നോക്കി അതിനെ പറ്റിവിശദമായി പറയാമെന്നും ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ലുസംഭരണം. 28 രൂപ 20 പൈസയില്‍ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ് രൂപ 80 പൈസ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാ പൂര്‍ത്തിയായി റേഷന്‍ കടയിലുടെ അരി വിതരണം പൂര്‍ത്തിയായ ശേഷം മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുക. അതിന് ആറ് മാസം സമയമെടുക്കും. കര്‍ഷകര്‍ക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പിആര്‍എസ് വായ്പയിലൂടെ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കുന്നത്.
ഇത്തവണയും പതിമൂന്നാം തീയതി മുതല്‍  പണം വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. കഴിഞ്ഞ സീസണില്‍ പണം നല്‍കാന്‍ കുറച്ച് വൈകിയ സാഹചര്യത്തിലാണ് അത് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍ നടത്തിയത്. എല്ലാ കര്‍ഷകര്‍ക്കും സമയബന്ധിതമായി പണം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 170 കോടി രൂപ കൊടുക്കാന്‍ സജ്ജമാണ്. ഇതിനായി ധനവകുപ്പ് 200 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു. 
കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട് തകഴി സ്വദേശിയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിക്കാത്തതാണ് ആത്മഹത്യ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    