ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ സന്നിധാനത്തെ സ്ട്രോങ് റൂമിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ദ്വാരപാലക ശിൽപ്പത്തിന്റെ കവചം സ്വർണ്ണം പൂശിയ ശേഷം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിച്ചത്. ഒക്ടോബർ 17-ന് ദ്വാരപാലക ശിൽപ്പത്തിൽ സ്വർണ്ണപ്പാളികൾ ചാർത്തുന്നതിനുള്ള തന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. ഇത് ഇളക്കിമാറ്റാൻ വലിയ പ്രയാസമുള്ള കാര്യമാണെന്നും തന്ത്രിയുടെ അനുമതി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഇന്നലെ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. സ്വർണ്ണപ്പാളി വിവാദത്തിൽ വിജിലൻസ് എസ്.പി എച്ച്. വെങ്കിടേഷിനെ അന്വേഷണ ചുമതല ഏൽപ്പിച്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ നിർദ്ദേശം. ക്രൈംബ്രാഞ്ച് അന്വേഷണം ശനിയാഴ്ച ആരംഭിക്കുമെങ്കിലും സമാന്തരമായ ഒരു അന്വേഷണം ദേവസ്വം വിജിലൻസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ശബരിമലയിലെ സ്ട്രോങ് റൂമിന് പുറമെ ആറന്മുളയിലെ സ്ട്രോങ് റൂമിലും പരിശോധന നടത്തുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും, ഈ നടപടികൾ വൈകുന്നത് പ്രതിപക്ഷത്തിന് വലിയ പ്രതിഷേധങ്ങൾ ഉയർത്താൻ കാരണമാകുമെന്നും സർക്കാർ കരുതുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ ഇടപെടലുകളും ഈ വിഷയത്തിൽ വേഗത്തിലുണ്ടായി.
.