ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ കിഴക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന വിവാദ അവകാശവാദവുമായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ ഉപരോധങ്ങൾ കർശനമാക്കുമെന്നും ഹോർമൂസ് തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്നും ട്രംപ് പ്രസംഗത്തിൽ അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ പ്രസ്താവനയെ പൂർണമായും തള്ളിയ ഇറാൻ, ഹോർമൂസിന്റെ അധികാരം ഇറാന്റെ കീഴിൽ തന്നെ തുടരുമെന്നും അമേരിക്ക പരാജയം സമ്മതിക്കുന്നതുവരെ പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്ക മുൻ ധാരണകളും വെടിനിർത്തൽ വ്യവസ്ഥകളും ലംഘിച്ചതിനാൽ 60 ദിവസത്തെ കരാർ ഇനി നീട്ടിനൽകാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമാബാദിലെ ധാരണാപത്രം മേഖലയിലെ സംഘർഷങ്ങളുടെ അവസാനമായേക്കാമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദിയും പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞദിവസം ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) വ്യക്തമാക്കി. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ തർക്കം വീണ്ടും മൂർച്ഛിക്കുകയാണ്.