കൊച്ചിയിൽ സംവിധായകർ പ്രതികളായ ലഹരിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞ ഏപ്രിലിൽ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.
സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ആറു മാസത്തിനു ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നത്. ഈ കേസിൽ നിലവിൽ നാല് പ്രതികളാണ് ഉള്ളത്. കൊച്ചിയിലെ ഗോശ്രീ പാലത്തിന് സമീപമുള്ള സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
അതേസമയം, നവീൻ എന്നൊരാളാണ് ലഹരി കൈമാറിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നെങ്കിലും, നവീനെ കണ്ടെത്താനോ അയാൾക്കെതിരായ തെളിവുകൾ ഹാജരാക്കാനോ എക്സൈസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലഹരി സിനിമ പ്രവർത്തകർക്ക് എത്തിച്ച ഇടനിലക്കാരനാണ് നവീൻ. പ്രതികൾ പറയുന്ന കാര്യങ്ങൾ വസ്തുതാപരമാണോ എന്നതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് എക്സൈസ് പറയുന്നു. അതിനാൽ, കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങാതെ നാല് പേരെ മാത്രം പ്രതിചേർത്തുകൊണ്ട് എക്സൈസ് കുറ്റപത്രം സമർപ്പിച്ചതിനെതിരെ വിമർശനം ഉയരുന്നുണ്ട്.