അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ, ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ ആശങ്കയിലാണ്. അടച്ചുപൂട്ടൽ നീണ്ടുപോയാൽ മൂന്ന് ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.
ഹെൽത്ത് ഇൻഷുറൻസ് സംരക്ഷണത്തിനായി സർക്കാർ പണം നൽകണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻ പാർട്ടി എതിർത്തതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഈ വിഷയത്തിൽ ധനബിൽ പാസാക്കാൻ കഴിയാതിരുന്നതാണ് ഷട്ട്ഡൗണിന് വഴിവെച്ചത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്റെ നിലപാട് കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങൾക്കുള്ള തുക വൈറ്റ് ഹൗസ് മരവിപ്പിച്ചുവെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. കൂടാതെ, അടച്ചുപൂട്ടൽ തുടർന്നാൽ മൂന്ന് ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 1981-ന് ശേഷം അമേരിക്ക നേരിടുന്ന പതിനഞ്ചാമത്തെ അടച്ചുപൂട്ടലാണിത്.
പ്രതിസന്ധി ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ന് സെനറ്റിൽ ധനബിൽ വീണ്ടും അവതരിപ്പിക്കും. ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ബിൽ പാസാകുകയുള്ളൂ. ബിൽ പാസാകാതിരുന്നാൽ അടച്ചുപൂട്ടൽ ഇനിയും നീളുമെന്ന ആശങ്കയിലാണ് അമേരിക്കൻ ജനതയും സർക്കാർ ജീവനക്കാരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ