 
                                 
                        തിരുവനന്തപുരം: ഷവര്‍ നിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.1287 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 148 എണ്ണം പൂട്ടിച്ചു.88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോര്‍ജ് റിയിച്ചു. കേന്ദ്രങ്ങളില്‍ ഇനിയും പരിശോധനകള്‍ തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വികെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഷവർമ വിൽപന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല. ഷവർമ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകൾ (18 ഡിഗ്രി സെൽഷ്യസ്) ചില്ലറുകൾ (4 ഡിഗ്രി സെൽഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവിൽ വേണം പ്രവർത്തിക്കാൻ. ഇതിനായി ടെമ്പറേച്ചർ മോണിറ്ററിംഗ് റെക്കോർഡ്സ് കടകളിൽ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നേടുകയും വേണം.
ഷവർമയ്ക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോൾ ലേബലിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം. ഷവർമ കോണുകൾ തയാറാക്കുന്ന മാംസം പഴകിയതാകാൻ പാടില്ല. കോണിൽ നിന്നും സ്ളൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.
മയണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കിൽ പാസ്ച്വറൈസ്ഡ് മയണൈസോ മാത്രം ഉപയോഗിക്കുക. മയണൈസുകൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഒരിക്കൽ കവർ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്യരുത്.
പാക്ക് ചെയ്ത് നൽകുന്ന ഷവർമയുടെ ലേബലിൽ പാകം ചെയ്തതു മുതൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേർക്കണം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എല്ലാം തന്നെ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുത്തു മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിക്കുന്നവർക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    