Share this Article
KERALAVISION TELEVISION AWARDS 2025
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും
narendra modi

2024 ജി20 ഉച്ചകോടി ബ്രസീലില്‍ നടക്കാനിരിക്കെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്രതിരിക്കും. ആഫ്രിക്കന്‍ രാജ്യമായ നൈജിരിയ സന്ദര്‍ശിച്ച ശേഷമാകും മോദി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലിലെ റിയോയിലെത്തുക. നവംബര്‍ 18,19 തീയ്യതികളിലാണ് 19-ാം ജി20 ഉച്ചകോടി.

ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ത്രിരാഷ്ട്രസന്ദര്‍ശനമാണ് മോദി ലക്ഷ്യം വെക്കുന്നത്. ബ്രസീലിന് പുറമേ പ്രധാനമന്ത്രി ആഫ്രിക്കന്‍ രാജ്യമായ നൈജിരിയയും കരീബിയന്‍ ദ്വീപരാജ്യമായ ഗയാനയും സന്ദര്‍ശിക്കും. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ശേഷം മോദി ആദ്യം നൈജിരിയ സന്ദര്‍ശിക്കും.

17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജിരിയ സന്ദര്‍ശിക്കുന്നത്. 18 ഓടെ മോദി 19-ാം ജി20 ഉച്ചകോടിയ്ക്കായി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ എത്തിച്ചേരും. നിലവില്‍ ജി20 ട്രോയ്ക്കയുടെ ഭാഗമാണ് ഇന്ത്യ. ഇക്കൊല്ലത്തെ ജി20 ആതിഥേയരായ ബ്രസീലും വരുംവര്‍ഷത്തെ ആതിഥേയരായ ദക്ഷിണാഫ്രിക്കയും മുന്‍വര്‍ഷത്തെ ആതിഥേയരായ ഇന്ത്യയും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ ജി20 ട്രോയ്ക്ക.

ആതിഥേയരാജ്യങ്ങള്‍ മാറുന്നതിനനുസരിച്ച് ട്രോയ്ക്കയിലും മാറ്റം സംഭവിക്കും. തങ്ങളുടെ രാജ്യങ്ങളില്‍ നടന്ന ഉച്ചകോടിയുടെ  വിശകലനവും നടക്കാനിരിക്കുന്നതുമായ ഉച്ചകോടിയുടെ രൂപരേഖയും ജി20 ട്രോയ്ക്കയില്‍ ചര്‍ച്ചയാകും. 2 ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ നിരവധി ആഗോള വിഷയങ്ങളില്‍ ഇന്ത്യ തങ്ങളുടെ നിലപാട് അറിയിക്കും.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-കാനഡ നയതന്ത്രതര്‍ക്കവും ചര്‍ച്ചയായേക്കും. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം മോദി കരീബിയന്‍ ദ്വീപരാജ്യമായ ഗയാന സന്ദര്‍ശിക്കും. ഒപ്പം ഇന്ത്യയും കരീബിയന്‍ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി  2-ാം കാരികോം ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories