വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ പ്രചാരണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ തേടുന്നതിന്റെ ഭാഗമായി സുധാകരൻ ഇന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു നിർണ്ണായകമായ ഈ കൂടിക്കാഴ്ച. സുധാകരൻ മികച്ച ഒരു മന്ത്രിയായിരുന്നുവെന്നും ജനകീയനും മാന്യനുമായ നേതാവാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം തന്നെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴ മണ്ഡലത്തിലെ 40 ശതമാനത്തോളം വരുന്ന ഈഴവ സമുദായ വോട്ടുകളിൽ വെള്ളാപ്പള്ളിയുടെ നിലപാട് നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സിപിഐഎം വിട്ടതിന് ശേഷം സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുധാകരന് മണ്ഡലത്തിൽ വലിയ സ്വാധീനമാണുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സുധാകരൻ, ഇത്തവണ മതപരമായ ചടങ്ങുകളിലും ഇഫ്താർ സംഗമങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട് ജനപിന്തുണ ഉറപ്പാക്കുകയാണ്.
അതേസമയം, അമ്പലപ്പുഴയിൽ സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ സജീവ ചർച്ചകൾ നടക്കുകയാണ്. മണ്ഡലത്തിൽ നേരത്തെ പരിഗണിച്ചിരുന്ന എം. ലിജുവിന് പകരം സുധാകരനെ പിന്തുണയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് ഭൂരിഭാഗം ജില്ലാ നേതാക്കളും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും. സുധാകരന്റെ സ്ഥാനാർത്ഥിത്വം അമ്പലപ്പുഴയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.