തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബി.ജെ.പിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്നതിനിടയിൽ, ഇ.വി.എം (EVM) യന്ത്രങ്ങളിൽ തട്ടിപ്പ് നടത്താൻ ശ്രമം നടന്നുവെന്നും, കേന്ദ്രസേന തന്നെ തടയാൻ ശ്രമിച്ചുവെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച അവർ, വോട്ടെണ്ണൽ പ്രക്രിയയിൽ തിരിമറി നടത്താൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടുമെന്നും മുന്നറിയിപ്പ് നൽകി.
ഭവാനിപ്പൂരിലെ കൗണ്ടിംഗ് സെന്ററിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇത്തരത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. കൗണ്ടിംഗ് സെന്ററിന് പുറത്ത് മമതയുടെ വാഹനവ്യൂഹം ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അർദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. കൗണ്ടിംഗ് സെന്ററുകൾക്ക് കാവൽ നിൽക്കണമെന്നും, ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്നും മമത ബാനർജി പാർട്ടി പ്രവർത്തകർക്ക് ആഹ്വാനം ചെയ്തു.