പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.സ്‌കൂൾ മാനേജരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 10 വയസ്സുകാരിയായ വിദ്യാർഥിനിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പാനൂർ പൊലീസ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ 2020 ഏപ്രിൽ 15-ന് വിലാക്കോട്ടൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. കേസിൽ പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എം.ഡി. ജലജറാണിയാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്.