Share this Article
News Malayalam 24x7
ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ
India hands over BrahMos supersonic cruise missiles to Philippines

ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ 2022-ല്‍ ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായാണ് മിസൈലുകളുടെ കൈമാറ്റം. 

ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്സിന് ഫിലിപ്പീന്‍സ് നാവികസേന കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്. മാര്‍ച്ച് മാസത്തിലാണ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ സംവിധാനത്തിന്റെ കയറ്റുമതി ആരംഭിച്ചത്.

ആദ്യമായാണ് ഒരു വിദേശരാജ്യത്തിന് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ കൈമാറുന്നത്. ചൈനാക്കടല്‍ മേഖലയില്‍ ചൈനയുമായി അടിക്കടിയുണ്ടാകുന്ന ഏറ്റുമുട്ടലുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഫിലിപ്പീന്‍സ് മിസൈല്‍ സംവിധാനം രാജ്യത്തെത്തിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മിസൈല്‍ സംവിധാനം ഫിലീപ്പീന്‍സ് തങ്ങളുടെ തീരപ്രദേശത്ത് സജ്ജമാക്കും. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലെപ്മെന്റ് ഓര്‍ഗനൈസേഷന്റേയും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയുടേയും സംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് പറയപ്പെടുന്നത്.

ഇന്ത്യയുടെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാനസ്ഥാനമാണ് ബ്രഹ്‌മോസ് മിസൈലിനുള്ളത്. 2007 മുതല്‍ അതിവേഗ ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധശ്രേണിയുടെ ഭാഗമാണ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories