മുംബൈ: ഓടുന്ന ബസില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബസിലെ കണ്ടക്ടര്‍ക്കെതിരേ വകുപ്പുതല നടപടിയാണ് എടുത്തിരിക്കുന്നത്. മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നും ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ കണ്ടക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്. സംഭവത്തില്‍ വിശദീകരണം എഴുതിനല്‍കാനും കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പന്‍വേലില്‍നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന നവി മുംബൈ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടിന്‍റെ എ.സി. ബസിലാണ് യുവാവും യുവതിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസിലെ പിന്‍നിരയിലെ സീറ്റില്‍ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരനാണ് ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് 22 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം അയച്ചുനല്‍കുകയായിരുന്നു.
സംഭവസമയത്ത് ബസില്‍ മറ്റുയാത്രക്കാര്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. ഗതാഗതക്കുരുക്കില്‍പ്പെട്ട് ബസ് വേഗം കുറച്ചവേളയിലാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം, സംഭവത്തില്‍ നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ മറ്റുള്ളവരോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.