തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്‌ഐടിയുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്നും കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഉന്നതരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അവരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം മടിച്ചുനില്‍ക്കുകയാണെന്നും അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
മാസങ്ങള്‍ കിട്ടിയിട്ടും അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ജനങ്ങള്‍ ഇതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോടതി മാത്രമാണ് ഏക ആശ്വാസം. ഇത് മനസിലാക്കിയാണ് കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. യുഡിഎഫ് പറഞ്ഞത് പൂര്‍ണമായി ശരിവെക്കുന്നതാണ് ഹൈക്കോടതി ഇന്ന് പറഞ്ഞ കാര്യങ്ങള്‍. ഇഡി അന്വേഷിക്കേണ്ട കാര്യമുണ്ടെന്ന കോടതി നീരീക്ഷണം ഗൗരവമുള്ളതാണെന്നും ഇഡി അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ എസ്ഐടി കസ്റ്റഡിയില്‍ എടുത്തു. പ്രധാനപ്രതികളുടെ അറസ്റ്റില്‍ എന്താണു കാലതാമസം എന്ന് ഹൈക്കോടതി എസ്ഐടിയോടു ഇന്നു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.