തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗിനിടെ സംവിധായകൻ ഹോട്ടലിൽ വച്ച് അപമാനിച്ചെന്ന് ആരോപിച്ച് വനിതാ സിനിമ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. ഇതേത്തുടർന്ന് ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു.
പരാതിയിൽ ഉറച്ച് നിൽക്കുന്നെന്ന് സിനിമ പ്രവർത്തക വ്യക്തമാക്കി. പിന്നാലെ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എന്നാൽ കേസെടുക്കുന്ന നടപടികളിലേക്ക് കടന്നില്ല. പരാതിയിൽ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യമടക്കം പ്രാഥമിക അന്വേഷണത്തിൽ പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.