ശബരിമല സ്വർണക്കവച നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ തനിക്കെതിരെയുള്ള വിദേശ വ്യവസായിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഡിവൈഎസ്പി ഡി മണി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെയോ വിദേശ വ്യവസായിയെയോ തനിക്ക് അറിയില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് ഡി മണി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
അതേസമയം, ഡി മണിയുടെയും സംഘത്തിന്റെയും മൊഴികളിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് SIT. ഇതിനെത്തുടർന്ന് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുകയാണ്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനായി വിജിലൻസ് കോടതിയിൽ SIT അപേക്ഷ സമർപ്പിച്ചു. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ സ്വർണം എവിടേക്കാണ് എത്തിച്ചതെന്നതിലും, തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയിലും കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഇരുഡിയം തട്ടിപ്പുമായി ബന്ധമുള്ള ഒരു സംഘമാണ് ഈ കേസിനു പിന്നിലെന്ന സംശയം SITക്കുണ്ട്. ഡി മണിയുടെ സഹായി ശ്രീ കൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിൽ പ്രതിയാണെന്ന വിവരവും അന്വേഷണ സംഘം കണക്കിലെടുക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പ്രമുഖരെ ശ്രീ കൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും, ഈ കവർച്ചക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു മാഫിയയുടെ ബന്ധമുണ്ടോയെന്ന കാര്യവും SIT പരിശോധിക്കുന്നുണ്ട്.
ജനുവരി ആദ്യവാരം തന്നെ അന്വേഷണം പൂർത്തിയാക്കാനുള്ള നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ, പ്രതികളെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ കേസിൽ നിർണായക നീക്കങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ കേസിൽ മുൻ ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും ഉൾപ്പെടെ ചോദ്യം ചെയ്ത വിവരങ്ങൾ പുറത്തു വന്നിരുന്നു.