ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായകമായ ദ്വിദിന സന്ദർശനത്തിനായി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) പങ്കെടുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ന് വൈകുന്നേരത്തോടെ ചൈനയിലെ ടിയാൻജിൻ നഗരത്തിലെത്തുന്ന പ്രധാനമന്ത്രി, ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കും. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം നിർണായകമാകും. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വ്യോമഗതാഗതം പുനരാരംഭിക്കുന്നതും സംബന്ധിച്ച ചർച്ചകൾ നടന്നേക്കും.