ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷഡ്‌പൂരിലെ ലാബിൽ നടത്താൻ തീരുമാനിച്ച വിവരം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജവിജയരാഘവൻ, കെ.വി. വിജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉപയോഗിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സന്നിധാനത്തെത്തി ശേഖരിച്ച സ്വർണ്ണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾക്കായി ജംഷഡ്‌പൂരിലെ ലാബിലേക്ക് അയക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് കോടതി വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, സ്വർണ്ണക്കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ദ്വാരപാലക ശില്പ കേസിലും പത്മകുമാർ പ്രതിയായതിനാൽ ജാമ്യം ലഭിച്ചാലും ഉടൻ ജയിൽ മോചിതനാകാൻ സാധിക്കില്ല.
കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള നാല് പേർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല എന്നതും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.