ബംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിവാദത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കര്‍ണാടക കോര്‍പ്പറേറ്റ് വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ രാജിവെച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലിരിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടും തടയാന്‍ കഴിഞ്ഞില്ലെന്നുള്ളത് തിരിച്ചടിയാണെന്ന പരസ്യ പ്രസ്താവനയ്ക്കു പിന്നാലെയാണ് കെ എന്‍ രാജണ്ണയുടെ രാജി. പ്രസ്താവന സംസ്ഥാനത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടതിന് പിന്നാലെ രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ പ്രതികരിക്കേണ്ട സമയത്ത് പരാതി അറിയിച്ചില്ലെന്നായിരുന്നു രാജണ്ണ ഉയര്‍ത്തിയ വിമര്‍ശനം. 'വോട്ട് മോഷണം ഉണ്ടായെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ നേരത്തെ നടപടിയെടുക്കാതെ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടി വന്നതില്‍ ലജ്ജിക്കണം. നമ്മുടെ സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരുന്ന് വോട്ടര്‍ പട്ടിക തയ്യാറാക്കിയപ്പോഴാണ് ഇത് നടന്നത്. ഈ സമയം നമ്മള്‍ വെറുതെ ഇരിക്കുകയായിരുന്നോ?' എന്നായിരുന്നു രാജണ്ണയുടെ പ്രതികരണം. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ആരോപണം രാജ്യവ്യാപകമായി ചര്‍ച്ചയായിട്ടും പാര്‍ട്ടി പാലിക്കുന്ന മൗനത്തെയും രാജണ്ണ ചോദ്യം ചെയ്തിരുന്നു.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണയുടെ പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വസ്തുത മനസിലാക്കാതെ രാജണ്ണ പ്രതികരണത്തിന് മുതിരരുത് എന്നായിരുന്നു ഡി കെ ശിവകുമാരിന്റെ മുന്നറിയിപ്പ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജണ്ണ രാജി കത്ത് കൈമാറിയത്.