തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. മേൽശാന്തിമാരുടെയും മാളികപ്പുറം മേൽശാന്തിയുടെയും നറുക്കെടുപ്പ് 18-ന് നടക്കും. തുലാമാസ പൂജകളുടെ അവസാന ദിവസമായ 22-ന് രാഷ്ട്രപതി ദ്രൗപദി മുർമു സന്നിധാനത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ക്ഷേത്രനട തുറന്ന ശേഷം ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സമർപ്പിക്കും. ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെ എത്തിച്ച ഈ പാളികൾ ഇപ്പോൾ സന്നിധാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മേൽശാന്തിമാരുടെ നറുക്കെടുപ്പ് പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ കശ്യപ വർമ്മയും മൈഥിലിക്കി വർമ്മയുമാണ് നടത്തുക. ഇവർ ഇന്ന് വൈകുന്നേരത്തോടുകൂടി കെട്ടുനിറച്ച് മാതാപിതാക്കളോടും പന്തളം കൊട്ടാരത്തിലെ പ്രതിനിധികളോടുമൊപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.
രാഷ്ട്രപതിയുടെ സന്ദർശനത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കുന്നത്. 22-ന് പ്രത്യേക ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തുന്ന രാഷ്ട്രപതി കാർ മാർഗ്ഗം സന്നിധാനത്തേക്ക് പോകാനാണ് നിലവിൽ തീരുമാനം. രാഷ്ട്രപതി ഭവനിലെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശന ദിവസം തീർത്ഥാടകർക്ക് വലിയ തോതിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിർച്വൽ ക്യൂ ബുക്കിംഗ് നിർത്തിവയ്ക്കാനും സാധ്യതയുണ്ട്.