ശബരിമലയിലെ സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പ് ഇന്നും തുടരും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയോട് സന്നിധാനത്ത് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തിൽ വക്കീലായിരിക്കും പരിശോധനയിൽ പങ്കെടുക്കുക. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒയും ഹാജരാകണം.
ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച പരിശോധനയിൽ, ദേവസ്വം ബോർഡ് കമ്മീഷണർ, സ്പെഷ്യൽ കമ്മീഷണർ, ദേവസ്വം ജീവനക്കാർ, വീഡിയോ പകർത്താൻ ഫോട്ടോഗ്രാഫർ എന്നിവരടങ്ങിയ സംഘം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തി.രാവിലെ 11 മണിയോടെ സന്നിധാനത്ത് എത്തിയ ഇവർ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലെ ഭക്തർ വഴിപാടായി നൽകിയിട്ടുള്ള സ്വർണ്ണം, ചെമ്പ്, വെള്ളി എന്നിവ ദേവസ്വം റെക്കോർഡുകളുമായി ഒത്തുനോക്കി.വൈകുന്നേരത്തോടെ കണക്കുകൾ എല്ലാം ഒത്തുനോക്കി രേഖപ്പെടുത്തി.
സംസ്ഥാനത്തെയാകെ ഞെട്ടിച്ച സ്വർണ്ണപ്പാളിയുടെ പരിശോധനയാണ് ഇന്ന് നടക്കുന്നത്.12 സ്വർണ്ണപ്പാളികൾ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ഇന്ന് പരിശോധിക്കും. വാതിൽപ്പാടിയുടെ പരിശോധനയും ഇന്നുണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളുടെ അളവും തൂക്കവും അദ്ദേഹത്തിന്റെ വക്കീലിന്റെ സാന്നിധ്യത്തിലായിരിക്കും പരിശോധിക്കുക.
കണക്കെടുപ്പിന് ശേഷം, ജസ്റ്റിസ് കെ.ടി. ശങ്കരൻ ഹൈക്കോടതിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ആറന്മുളയിലെ വലിയ സ്ട്രോങ്ങ് റൂമിലുള്ള തങ്കയങ്കി ഉൾപ്പെടെയുള്ള വലിയ ശേഖരവും ഇന്ന് അല്ലെങ്കിൽ നാളെയോ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെയും വാതിൽപടിയിലെയും സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുഖ്യപ്രതി. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ പത്ത് പേരെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് സിഇഒയെയും പ്രതിചേർക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ ഞെട്ടിച്ച ഈ സ്വർണ്ണ മോഷണത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികൾ ഏതു പദവിയിലുള്ളവരാണെങ്കിലും (മന്ത്രി, എംഎൽഎ, ദേവസ്വം ബോർഡ് അംഗം, ഉദ്യോഗസ്ഥൻ) മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.