പഞ്ചാബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം അമൃത്സറിൽ നിന്ന് സഹിർസയിലേക്കുള്ള ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 7:30 ഓടെയാണ് സംഭവം. ട്രെയിനിന്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് തീ മറ്റ് രണ്ട് കോച്ചുകളിലേക്കും പടർന്നു.
തീപിടിത്തത്തെ തുടർന്ന് യാത്രക്കാർ ഉടൻ തന്നെ ചെയിൻ വലിക്കുകയും ട്രെയിനിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. റെയിൽവേ അധികൃതരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ കാരണം ആളപായം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. റെയിൽവേ മന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിച്ച മൂന്ന് കോച്ചുകളും പൂർണ്ണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി യാത്ര തുടർന്നു.