Share this Article
News Malayalam 24x7
ഇസ്രയേൽ കടന്നാക്രമണത്തിൽ കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം,മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
വെബ് ടീം
posted on 03-03-2026
1 min read
cm

പാലക്കാട്: ഇറാനെതിരെയുള്ള ഇസ്രയേൽ–അമേരിക്കൻ ആക്രമണങ്ങൾക്കെതിരെ  രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുകയും അവിടുത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും കുടുംബത്തെയും ഇല്ലാതാക്കുകയും ചെയ്ത നടപടിയെ എന്ത് ന്യായീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആണവായുധശേഖരമുള്ള രാജ്യങ്ങൾ മറ്റുള്ളവർക്ക് ആയുധം പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന വന്യജീവി രീതിയാണ് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനിലെ ജനകീയ വിപ്ലവത്തിന് ശേഷം അമേരിക്കയുടെ വിധേയത്വം അംഗീകരിക്കാത്തതാണ് ഈ ശത്രുതയ്ക്ക് കാരണം. ആക്രമണത്തിന് നേതൃത്വം നൽകുന്ന നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന മോദിയെയാണ് ലോകം കാണുന്നത്. ഈ നിലപാട് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ സാരമായി ബാധിക്കും. കേന്ദ്രസർക്കാരിന്റെ മൗനം രാജ്യത്തിന് വലിയ അപമാനമാണ്.ഇത്തരം വിദേശനയ സമീപനങ്ങൾ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്നും കോൺഗ്രസാണ് ഈ നയങ്ങൾക്ക് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇസ്രയേൽ–അമേരിക്കൻ ആക്രമണങ്ങളെ അപലപിക്കാത്ത കേന്ദ്ര നിലപാട് ആർഎസ്എസിന് അഭിമാനകരമായിരിക്കാം, പക്ഷേ രാജ്യത്തിന് അതൊരു നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories