സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാറ മലനിരകളിലെ ഒരു ഗ്രാമം നിശ്ശേഷം നാമാവശേഷമാക്കിയ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചതായി സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്/ആർമി അറിയിച്ചു.
ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷം ആഗസ്റ്റ് 31 നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് മുഹമ്മദ് നൂർ നയിക്കുന്ന സംഘം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.ഡാർഫർ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം നിയന്ത്രിക്കുന്ന ടീം മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സഹായ ഏജൻസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
വടക്കൻ ഡാർഫർ സംസ്ഥാനത്ത് സുഡാനീസ് സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള രൂക്ഷമായ യുദ്ധത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് ഭക്ഷണവും മരുന്നും പര്യാപ്തമല്ലാത്ത മാറാ പർവതനിരകളിൽ താമസക്കാർ അഭയം തേടിയിരുന്നു. രണ്ടുവർഷത്തെ ആഭ്യന്തരയുദ്ധം ജനസംഖ്യയുടെ പകുതിയിലധികം പേരെയും പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിടുകയായിരുന്നു.