തിരുവനന്തപുരം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസാകുമ്പോൾ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താല്പര്യം കാട്ടാതെ “ആഭ്യന്തര ശത്രുക്കൾ”ക്കെതിരെ പട നയിക്കാൻ ഊർജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.
ബ്രിട്ടീഷ് വൈസ്രോയിയെ നേരിൽ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങൾ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിൽ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാർ. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.