സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. മൂന്നാം തവണയാണ് ഡി. രാജയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. പ്രായപരിധിയിൽ ഇളവ് ലഭിച്ച ഏക നേതാവും ഡി. രാജയാണ്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും പ്രായപരിധിയിൽ ഇളവില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെയും ഇന്ന് തീരുമാനിക്കും.
സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിൽ ഡി. രാജയെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കാനുള്ള തീരുമാനം ഏറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് ഉണ്ടായത്. ഡി. രാജയെ മാറ്റണമെന്നും ഒരു വനിതാ പ്രതിനിധി വരണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. കേരള ഘടകം ഉൾപ്പെടെ പ്രായപരിധി നിർബന്ധമാക്കണം എന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാൽ, ആന്ധ്രാപ്രദേശ്, തെലങ്കാന, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഡി. രാജയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ഈ സാഹചര്യത്തിൽ, ഡി. രാജയ്ക്ക് ഇളവ് നൽകുകയും മറ്റാർക്കും പ്രായപരിധി ഇളവ് നൽകാതിരിക്കുകയുമായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മറ്റ് പാർട്ടികളുമായി അടുത്ത ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ ഈ ബന്ധങ്ങൾ പാർട്ടിയെ സഹായിക്കുമെന്നും ഡി. രാജ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഏക ദളിത് മുഖം എന്ന നിലയിലും ഡി. രാജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.