Share this Article
News Malayalam 24x7
കവടിയാർ കൊട്ടാരത്തിലെ മോഷണം; പ്രത്യേക അന്വേഷണസംഘവും രൂപീകരിക്കും
Kowdiar Palace Theft Case

തലസ്ഥാനത്തെ പ്രമുഖ രാജകുടുംബ വസതിയായ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അതീവ പുരാതനവും ചരിത്രപരമായ മൂല്യമുള്ളതുമായ രണ്ടു കോടിയോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് കൊട്ടാരത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചുചേർത്തു. നിലവിൽ പേരൂർക്കട പൊലീസ് അന്വേഷിക്കുന്ന കേസ് കൂടുതൽ കാര്യക്ഷമമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ തീരുമാനമായി.


കൊട്ടാരത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കൊട്ടാരത്തിലെ ജീവനക്കാർ, മുൻപ് ജോലി ചെയ്തിരുന്നവർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്.


ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മോഷണത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. തലസ്ഥാന നഗരത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങൾ നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories