വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്. സിപിഎമ്മുമായി പിണങ്ങി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച മുതിർന്ന നേതാവ് ജി. സുധാകരന് പൂർണ്ണ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതോടെ അമ്പലപ്പുഴയിൽ യുഡിഎഫ് സ്വന്തം സ്ഥാനാർത്ഥിയെ മത്സരരംഗത്ത് ഇറക്കില്ല.
സിപിഎം പ്രാദേശിക നേതൃത്വവുമായും നിലവിലെ എംഎൽഎ എച്ച്. സലാമുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് ജി. സുധാകരൻ പാർട്ടി വിടാൻ തീരുമാനിച്ചത്. സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി നടത്തിയ അനൗദ്യോഗിക ചർച്ചകൾക്കൊടുവിലാണ് പിന്തുണ നൽകാനുള്ള ധാരണയിലെത്തിയത്. സുധാകരന്റെ വ്യക്തിപ്രഭാവവും വോട്ടുകളും പ്രയോജനപ്പെടുത്തി അമ്പലപ്പുഴ പിടിച്ചെടുക്കുന്നതിനോടൊപ്പം, തൊട്ടടുത്ത മണ്ഡലങ്ങളായ ആലപ്പുഴയിലും കായംകുളത്തും മേൽക്കൈ നേടാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. മണ്ഡലത്തിൽ നേരത്തെ പരിഗണിച്ചിരുന്ന എം. ലിജു, ഷുക്കൂർ എന്നിവർ ജി. സുധാകരന് വേണ്ടി വഴിമാറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, തൃശൂർ നാട്ടിക മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റമാണ് കോൺഗ്രസ് വരുത്തിയിരിക്കുന്നത്. ദീർഘകാലമായി മണ്ഡലത്തിൽ സജീവമായിരുന്ന സി.സി മുകുന്ദനെ ഒഴിവാക്കി സുനിൽ ലാലൂരിനെ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. സി.സി മുകുന്ദൻ ഡൽഹിയിലെത്തി സമ്മർദ്ദം ചെലുത്തിയെങ്കിലും പ്രാദേശിക തലത്തിലെ എതിർപ്പും വിജയസാധ്യതയും കണക്കിലെടുത്താണ് സുനിൽ ലാലൂരിനെ തിരഞ്ഞെടുത്തത്. നാട്ടികയിൽ സി.പി.ഐയ്ക്കുള്ളിലെ വിഭാഗീയതയും ഗീതാ ഗോപിയോടുള്ള വിയോജിപ്പും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഈ രണ്ട് നീക്കങ്ങളും മധ്യകേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന്റെ കരുത്തനായ നേതാവിനെ കൂടെ നിർത്തുന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാകും.