ശബരിമല സ്വർണ്ണക്കൊടിമര അഴിമതിക്കേസിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജെ. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ജയശ്രീയുടെ ജാമ്യാപേക്ഷയിലുള്ള വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജയശ്രീ ജില്ലാ കോടതിയെ സമീപിച്ചത്. മൂന്നാഴ്ച മുൻപ് ഹൈക്കോടതി ജയശ്രീയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി ഒരു മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, വിജയ്‌കുമാർ, ശങ്കർദാസ് എന്നിവരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടുകൂടി പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കും.