Share this Article
News Malayalam 24x7
‘വൃക്ഷ മാതാവ്’ സാലുമരദ തിമ്മക്കയ്ക്ക് വിട, മക്കളായ ആൽമരങ്ങളെ വിട്ടുപിരിഞ്ഞത് 114-ാം വയസിൽ
വെബ് ടീം
4 hours 13 Minutes Ago
1 min read
SALUMARADA

ബെംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച സാലുമരദ തിമ്മക്ക ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. സാലുമരദ തിമ്മക്കയെ രാജ്യം 2019ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.‌‌കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്. ‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളർത്തിയിരുന്നത്. നിരക്ഷരയായിരുന്നിട്ടും, പരിസ്ഥിതി സംരക്ഷണത്തിനായി അവർ തന്റെ ജീവിതം മാറ്റിവച്ചു. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories