Share this Article
News Malayalam 24x7
ശബരിമല സ്വർണപ്പാളി മോഷണം; പ്രതിപട്ടികയിൽ 2019ലെ ദേവസ്വം ബോർഡ് ഭരണസമിതിയും
Sabarimala Gold Plating Theft

രിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ 2019-ലെ ദേവസ്വം ബോർഡ് ഭരണസമിതിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ, ശങ്കർദാസ്, മുൻ കമ്മീഷണർ എൻ. വാസു എന്നിവരടക്കമുള്ളവരെയാണ് പ്രതിചേർത്തിരിക്കുന്നത്. ഈ കേസിൽ രണ്ട് എഫ്.ഐ.ആറുകളാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശബരിമല ക്ഷേത്രത്തിലെ വാതിൽ പടിയിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് ഭരണസമിതി അംഗങ്ങളെ കൂടി പ്രതിചേർത്തിരിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങളുടെ മുകളിലുള്ള കവചമായ സ്വർണ്ണപ്പാളിയിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് ഒരു കേസ്. രണ്ടാമത്തെ കേസ്, ശ്രീകോവിലിന്റെ വാതിൽ പുറത്ത് കൊണ്ടുപോയി സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ടതാണ്.


ദേവസ്വം വിജിലൻസും പ്രത്യേക അന്വേഷണ സംഘവും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയിലെ ജസ്റ്റിസ് കെ.ടി. ശങ്കരൻ, സ്വർണ്ണപ്പാളികളുടെ പരിശോധന പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ശബരിമലയിൽ എത്താൻ നിർദ്ദേശം നൽകിയിരുന്നു.


കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണം നീങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറ് ആഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.


തന്റെ കാലത്ത് എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും, അറിഞ്ഞോ അറിയാതെയോ ശബരിമലയെ കളങ്കപ്പെടുത്തുന്ന ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories