Share this Article
News Malayalam 24x7
ഇസ്രയേല്‍ ബന്ദികളെ തിങ്കളാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ്
Hamas to Release Israeli Hostages on Monday

ഗാസയിൽ സമാധാനത്തിന്റെ നാളുകൾക്ക് തുടക്കമാകുന്നു. ഹമാസ് തിങ്കളാഴ്ച മുതൽ ഇസ്രായേലി ബന്ധികളെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി 2000 പലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായാണ് ഈ നടപടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യേഷ്യൻ സന്ദർശനവും ഈ സമാധാന നീക്കങ്ങൾക്ക് ശക്തിപകരുന്നു.


ഹമാസ് തടവിലാക്കിയ 48 ഇസ്രായേലി ബന്ധികളിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നും 28 പേർ മരിച്ചതായും കരുതപ്പെടുന്നു. ഈ ബന്ധികളെയാണ് തിങ്കളാഴ്ച രാവിലെ മുതൽ മോചിപ്പിക്കാൻ ഹമാസ് ഒരുങ്ങുന്നത്. ഇതിന് പ്രത്യുപകാരമായി 2000 പലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും.



രണ്ട് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഈ സന്ദർശനം ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. ഈജിപ്തിൻ്റെ മധ്യസ്ഥതയിൽ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമാധാനത്തിനായുള്ള ട്രംപിൻ്റെ വിശാലമായ കാഴ്ചപ്പാടും അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ നിരന്തരമായ ശ്രമങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.



ഗാസയിൽ നിന്ന് ഹമാസ് പിന്മാറണം എന്നുള്ള നിർദ്ദേശം അസംബന്ധമാണെന്ന് ഹമാസ് അംഗങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അത്തരമൊരു കരാറിൽ ഒപ്പിടില്ലെന്നും അവർ വ്യക്തമാക്കി.


ട്രംപിൻ്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ വലിയ ജനപങ്കാളിത്തത്തോടെയുള്ള റാലി നടന്നു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലും പലസ്തീനും തമ്മിലുണ്ടായിരുന്ന രൂക്ഷമായ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം ഉണ്ടാകുന്നതിലെ ആശ്വാസമാണ് റാലിയിൽ പ്രകടമായത്.



ഗാസയിൽ സമാധാനം പുലരുമ്പോഴും അവിടുത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളുമാണ്. യുദ്ധത്തിൽ തകർന്ന വീടുകളിലേക്ക് മടങ്ങാനും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള നിർണായക തീരുമാനങ്ങൾ സമാധാന ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories