വിവാഹജീവിതം അധികകാലം നീണ്ടുനിൽക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനത്തിൽ മനംനൊന്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി ആത്മഹത്യ ചെയ്തു. ബാഗലഗുണ്ടെയിൽ താമസിക്കുന്ന വിദ്യാജ്യോതി (27) ആണ് മരിച്ചത്. പ്രമുഖ കമ്പനിയായ ബോഷിലെ (Bosch) ജീവനക്കാരിയായിരുന്നു വിദ്യാജ്യോതി.
കുടക് സ്വദേശിയായ യുവാവുമായി വിദ്യാജ്യോതി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. വിവാഹത്തിന് മുന്നോടിയായി ജാതകം നോക്കിയ ജ്യോത്സ്യൻ, വിവാഹം കഴിഞ്ഞാൽ രണ്ട് വർഷത്തിനുള്ളിൽ ദമ്പതികൾ വേർപിരിയേണ്ടി വരുമെന്ന് പ്രവചിച്ചിരുന്നു. ജാതകത്തിലെ ഈ ദോഷം മാറാനായി ഒമ്പത് ദിവസത്തെ പ്രത്യേക പൂജകളും ഉപവാസവും ജ്യോത്സ്യൻ നിർദ്ദേശിച്ചു.
ജ്യോത്സ്യന്റെ വാക്കുകളിൽ വിശ്വസിച്ച് വ്രതമെടുത്ത വിദ്യാജ്യോതി കഴിഞ്ഞ ഒമ്പത് ദിവസമായി പൂജകൾ നടത്തി വരികയായിരുന്നു. പൂജയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ക്ഷേത്രത്തിൽ പോകാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് മുറിയിൽ തനിച്ചായിരുന്ന വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജ്യോത്സ്യന്റെ പ്രവചനം വിദ്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ബാഗലഗുണ്ടെ പൊലീസ് അസ്വാഭാവിക മരണത്തിന് (UDR) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തിന് കാരണമായ പ്രവചനം നടത്തിയ ജ്യോത്സ്യനെതിരെയും അന്വേഷണം ഉണ്ടായേക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്‌ലൈൻ നമ്പറുകൾ - ദിശ: 1056)