ലൈംഗിക ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ് നേതൃത്വം. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. അതേസമയം, അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരും.
ഉപതെരഞ്ഞെടുപ്പ് നടന്നാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് രാജി ഒഴിവാക്കി, സസ്പെൻഷൻ എന്ന നടപടിയിലേക്ക് പാർട്ടി കടന്നത്. ഈ തീരുമാനപ്രകാരം, രാഹുലിന് ഇനി കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഭാഗമായി നിയമസഭാ നടപടികളിൽ പങ്കെടുക്കാനാവില്ല.
യുവനടി ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ പാർട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അതിവേഗത്തിലുള്ള നടപടി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും കടുത്ത നടപടി നേരിടുന്നത്.
എഐസിസി, കെപിസിസി നേതൃത്വങ്ങൾ നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷമാണ് അച്ചടക്ക നടപടി സംബന്ധിച്ച് അന്തിമ തീരുമാനമായത്. വിഷയത്തിൽ പാർട്ടി തലത്തിലുള്ള വിശദമായ അന്വേഷണം തുടരുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും നേതൃത്വം വ്യക്തമാക്കി.