മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ബിജെപി രാജ്യസഭയിലേക്ക് പരിഗണിക്കുന്നു. ഉത്തരേന്ത്യയിലെ രാജ്യസഭാ സീറ്റിൽ നിന്നും എംപി ആക്കാനാണ് നീക്കം. കേരള ബിജെപിയിലെ വിഭാഗീയ പ്രശ്നം പരിഹരിക്കാനാണ് ഈ ഫോർമുല. കേരള ബിജെപിയിൽ നിലനിൽക്കുന്ന അപരിഹാര്യമായ വിഭാഗീയത എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. പുതിയ പുനഃസംഘടനയിൽ അസംതൃപ്തരായ കെ.സുരേന്ദ്ര- വി.മുരളീധര പക്ഷത്തിന്റെ പിണക്കം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഹരിയാന പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഒരു സീറ്റിൽ നിന്നായിരിക്കും കെ സുരേന്ദ്രനെ രാജ്യസഭയിൽ എത്തിക്കുക. കേരളത്തിലെ സമീപകാല മുൻ അധ്യക്ഷൻമാരെ ഗവർണർമാരാക്കി രാഷ്ട്രീയ വനവാസത്തിനായി കെ. സുരേന്ദ്രന്റെ ഉണ്ടാവില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. മറിച്ച് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങാവുന്ന സാഹചര്യമൊരുക്കും. അസംതൃപ്തനായ വി.മുരളീധരനെയും പുതിയ ദേശീയ പുനസംഘടനയിൽ പരിഗണിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രഭാരി ചുമതല നൽകും എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. വി.മുരളീധരൻ ദേശീയ ഭാരവാഹിത്വത്തിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. പി.കെ.കൃഷ്ണദാസിനെ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. ഫലത്തിൽ വിഭാഗീയത പരിഹരിച്ച് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ കരുത്തോടെ നേരിടുകയാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. രാജീവ് ചന്ദ്രശേഖർ പ്രസിഡണ്ടായി ചുമതലയേറ്റതോടെ നിലവിൽ വന്ന പുതിയ കമ്മിറ്റികൾ സമര പാതയിൽ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പരോക്ഷമായി ജനസമ്പർക്കം അടക്കം നടത്തി താഴെത്തട്ടിൽ സജീവമാണ്. ഇതുതന്നെയാണ് 2026 ലെ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളാകാൻ ബിജെപിക്ക് പ്രചോദനമായി തീരുന്നതും. പക്ഷേ കേരളത്തിന്റെ മതേതര രാഷ്ട്രീയ പാരമ്പര്യം ബിജെപിയുടെ സ്വപ്നങ്ങൾക്ക് എത്രമാത്രം നിറം പകരുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.