കോൺഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂർ എം.പി. രാഷ്ട്രീയ എതിരാളികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഹകരിച്ച് മുന്നോട്ട് പോകണമെന്നും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചു നിൽക്കണമെന്നുമാണ് തരൂർ അഭിപ്രായപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ട്വിറ്റർ (എക്സ്) പോസ്റ്റിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഇങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി തീവ്രമായി പോരാടുക, എന്നാൽ അത് കഴിഞ്ഞാൽ, രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. നിങ്ങൾ രണ്ടാളും സേവനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ എന്റെ പങ്ക് ചെയ്യുന്നു," എന്നായിരുന്നു ശശി തരൂരിൻ്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതിൻ്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി കോൺഗ്രസിനുള്ളിൽ തരൂരിനെതിരെ വലിയ വിമർശനങ്ങളുണ്ടായിരുന്നു. ചില പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയ സാഹചര്യവും ഉണ്ടായി. അതിനിടയിലാണ് അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ ഒളിയമ്പുമായി തരൂർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.