രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിനായുള്ള സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 4:15-ന് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറിൽ ഉയർന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ നടപടി.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാര യാത്ര ഉൾപ്പെടെയുള്ള വലിയ പ്രതിഷേധങ്ങൾ ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നടപ്പിലാക്കുക. ഏകദേശം 10 മുതൽ 15 വരെ സംസ്ഥാനങ്ങളിൽ ഈ നടപടികൾ നടപ്പാക്കാൻ സാധ്യതയുണ്ട്. നവംബറോടെ നടപടികൾ ആരംഭിച്ച് ഫെബ്രുവരിയോടെ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും സമയക്രമം.
അതേസമയം, ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആദ്യഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഉണ്ടാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതിനാൽ, ഈ സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിലായിരിക്കും വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.