കളമശേരി എച്ച്.എം.ടിക്ക് സമീപം കാട്ടുപ്രദേശത്ത് മാസങ്ങൾക്ക് മുൻപ് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ (DNA) പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
കഴിഞ്ഞ നവംബറിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂരജ് ലാമയുടേതാണെന്ന് സംശയം തോന്നിയതിനെത്തുടർന്ന് മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. എന്നാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. പരിശോധനാ ഫലം വന്നതോടെ മരിച്ചത് സൂരജ് ലാമ തന്നെയാണെന്ന് വ്യക്തമായി.
കുവൈത്തിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിൽ ഓർമ്മശക്തി നഷ്ടപ്പെട്ടതിനെത്തുടർന്ന് സൂരജ് ലാമയെ അധികൃതർ കുവൈത്തിൽ നിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് ഒക്ടോബർ ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളെ അറിയിക്കാതെയായിരുന്നു ഈ നാടുകടത്തൽ നടപടി.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ത ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകൻ ഏറെനാളായി കൊച്ചിയിൽ തിരച്ചിലിലായിരുന്നു. മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ കഴിയാതെ വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. ഡിഎൻഎ ഫലം വന്നതോടെ കുടുംബത്തിന് മൃതദേഹം ഏറ്റുവാങ്ങാൻ സാധിച്ചു.