തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിനിടയിൽ സംസ്ഥാനം ഇന്നുവരെ കാണാത്ത വിധത്തിലുള്ള വൈദ്യുതി ഉപയോഗമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഏപ്രിൽ 17 വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വെള്ളിയാഴ്ച മലയാളികൾ ഉപയോഗിച്ചു തീർത്തത്.116.11 ദശലക്ഷം യൂണിറ്റ് എന്ന കണക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. വൈദ്യുതി ആവശ്യകതയിലും വൻ വർധനവാണ് ദൃശ്യമാകുന്നത്.
വൈകുന്നേരത്തെ കണക്കുകൾ പ്രകാരം ഇത് 6013 മെഗാ വാട്ട് വരെ ഉയർന്നു. കഴിഞ്ഞ ഏപ്രിൽ 14-ന് രേഖപ്പെടുത്തിയ 6012 മെഗാ വാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്. കഠിനമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും അമിത ഉപയോഗമാണ് വൈദ്യുതി മീറ്ററുകളെ ഇത്ര വേഗത്തിൽ കറക്കുന്നത്. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, രാത്രി 7 മുതൽ 11 വരെയുള്ള സമയങ്ങളിൽ അമിത ഉപയോഗം കുറയ്ക്കാൻ കെ എസ് ഇ ബി നിരന്തരം ഓർമിപ്പിക്കാറുണ്ട്.