തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേട് കേസിൽ ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ എറണാകുളത്തുനിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ഉടൻ കോടതിയിൽ ഹാജരാക്കും.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ റിമാൻഡിലാണ്. ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനിടെ, അന്വേഷണച്ചരടുകൾ പിഎസ്‌സിയുടെ ഉന്നത തലങ്ങളിലേക്കും നീളുകയാണ്. കഴിഞ്ഞദിവസം ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സെക്രട്ടറി സാജു ജോർജിനെ നാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.കൂടാതെ പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനോട് തിങ്കളാഴ്ച ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് ചീഫ് തെരഞ്ഞെടുപ്പിനായുള്ള പരീക്ഷയിൽ 58 മാർക്ക് വരുന്ന 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ തഴഞ്ഞ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.